2025 ജൂലൈ 29, ചൊവ്വാഴ്ച

ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ

 

ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ

മദീനയിലേക്കുള്ള ഓരോ യാത്രയും ഓരോ വിശ്വാസിക്കും ആത്മാവിന്റെ യാത്രയാണ്. പ്രിയപ്പെട്ട പ്രവാചകന്റെ സന്നിധിയിൽ എത്തുക എന്നത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമായിരിക്കും പലർക്കും. എന്റെ കാര്യത്തിലും അത് വ്യത്യസ്തമായിരുന്നില്ല. 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച പുലർച്ചെ 2:10-ഓടെ, സുബ്ഹിക്ക് മുമ്പുള്ള ആ നിമിഷം, ആ സ്വപ്നം അവിശ്വസനീയമാംവിധം യാഥാർത്ഥ്യമായി.

കൂടെയുണ്ടായിരുന്നവരെല്ലാം ബാബുസ്സലാം വഴി ഹബീബിന് സലാം പറഞ്ഞ് റൂമിലേക്ക് മടങ്ങിയതിന് ശേഷം, എനിക്കൊന്ന് കൂടി ആ വാതിലിലൂടെ കടന്നുപോകണമെന്ന് തോന്നി. ഏകദേശം 600 മീറ്ററോളം ചുറ്റി ഞാൻ വീണ്ടും ബാബുസ്സലാമിന്റെ അടുത്തെത്തി. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ. വാതിൽ തുറന്നു കിടക്കുന്നു! സാധാരണ കാണുന്ന ബാരിക്കേഡുകളൊന്നും അവിടെയുണ്ടായിരുന്നില്ല. മൂന്ന് പോലീസുകാരും രണ്ട് ക്ലീനിംഗ് സ്റ്റാഫുകളും വെള്ളിയാഴ്ചയിലെ പ്രത്യേക ഒരുക്കങ്ങളിലായിരുന്നു.

അൽപനേരം ഞാൻ സംശയിച്ചു നിന്നു. ആരെയും കാണാത്തതുകൊണ്ട് പ്രവേശിക്കാൻ എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്ന് ഭയന്നു. പക്ഷേ, ഉള്ളിലെ ആഗ്രഹം എന്നെ മുന്നോട്ട് നയിച്ചു. പതിയെ ഞാൻ അകത്തേക്ക് കടന്നു. ഹൃദയം കൊണ്ട് എത്രയോ തവണ എത്തിച്ചേർന്ന പുണ്യഭൂമി! ആ നിമിഷം ഞാൻ അതിന്റെ തൊട്ടടുത്തെത്തി.

"ലോക നേതാവിൻ മദീനയിൽ ഒന്ന് പോവുന്നുണ്ട് ഞാൻ

ലോകമേ ഞാൻ ഏറ്റു വാങ്ങിയ സങ്കടങ്ങൾ പറയുവാൻ."

ഈ വരികൾ മനസ്സിൽ മുഴങ്ങി. ഹബീബിനോടും, സിദ്ദീഖ് തങ്ങളോടും, ഉമർ തങ്ങളോടും ഞാൻ സലാം പറഞ്ഞു. സാധാരണയായി ഒരു മിനിറ്റിൽ കൂടുതൽ നിൽക്കാൻ പോലും അനുവാദം ലഭിക്കാത്ത ആ പുണ്യസ്ഥലത്ത്, പ്രിയപ്പെട്ട നബിയുടെ തൊട്ടുമുന്നിൽ ഞാൻ മിനിറ്റുകളോളം ഏകനായി നിന്നു! വർഷങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ട നിമിഷം!

അപ്പോഴും റൗള ശരീഫ് ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. മുൻകൂട്ടി പെർമിറ്റ് എടുത്തവർ 27-ാം നമ്പർ കവാടത്തിലൂടെയാണ് റൗളയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ, ബാരിക്കേഡുകൾ ഒന്നുമില്ലാതെ, ബാബുസ്സലാം വഴി ഹബീബിന്റെ തൊട്ടുമുന്നിൽ ഏകനായി നിൽക്കാൻ റബ്ബ് എനിക്ക് തൗഫീഖ് നൽകി. അൽഹംദുലില്ലാഹ്! കിനാവുകൾ വെറുതെയായില്ല.

ഹബീബിനെക്കാൾ പ്രണയിക്കാൻ അർഹതയുള്ള മറ്റൊരാളും ഭൂമിയിലില്ല. പ്രണയിച്ചാൽ തിരിച്ചു പ്രണയിക്കുമെന്ന് ഉറപ്പിക്കാവുന്ന ഒരു സൃഷ്ടിയുമില്ല. എത്ര വലിയ തെറ്റ് ചെയ്തവനും കയറിച്ചെല്ലാൻ കഴിയുന്ന മറ്റൊരു ആശ്രയവുമില്ല.

സലാം യാ റസൂലല്ലാഹ്...


ഇസ്ലാമിക ചരിത്രത്തിലെ യുവ നായകന്മാർ: പ്രായം മറന്നുള്ള നേതൃത്വം!


ഇസ്ലാമിക ചരിത്രത്തിലെ യുവ നായകന്മാർ: പ്രായം മറന്നുള്ള നേതൃത്വം!

ചരിത്രമെന്നും യുവത്വത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ധീരമായ തീരുമാനങ്ങളും, അതിശയകരമായ നേതൃത്വഗുണങ്ങളും പ്രകടിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയ അനേകം ചെറുപ്പക്കാർ നമുക്കുണ്ട്. ഇസ്ലാമിക ചരിത്രത്തിലും ഇത്തരത്തിൽ, ചെറുപ്രായത്തിൽ തന്നെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മഹത്തായ നേട്ടങ്ങൾ കൈവരിച്ച നിരവധി ധീരരായ നേതാക്കളുണ്ട്. പ്രായം ഒരു വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ച ആ യുവ നായകന്മാരെ നമുക്കൊന്ന് പരിചയപ്പെടാം.

ഉസാമ ബിൻ സൈദ് (18 വയസ്സ്):

പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട അനുചരനായിരുന്ന ഉസാമ ബിൻ സൈദ്, കേവലം 18-ആം വയസ്സിൽ ഇസ്ലാമിക സൈന്യത്തെ നയിക്കാൻ നിയുക്തനായി. അബൂബക്കർ സിദ്ദീഖ്, ഉമർ ബിൻ ഖത്താബ് തുടങ്ങിയ പ്രമുഖരായ സ്വഹാബികൾ പോലും അദ്ദേഹത്തിന്റെ കീഴിൽ അണിനിരന്നു എന്നത് അദ്ദേഹത്തിന്റെ കഴിവുകളുടെയും പ്രവാചകന്റെ വിശ്വാസത്തിന്റെയും തെളിവാണ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളെ നേരിടാൻ ഈ യുവ നേതാവ് ധീരമായി മുന്നോട്ട് വന്നു.

മുഹമ്മദ് അൽ-ഖാസിം (17 വയസ്സ്):

ഇസ്ലാമിക ലോകം കണ്ട ഏറ്റവും മിടുക്കരായ സൈനിക നേതാക്കളിൽ ഒരാളായിരുന്നു മുഹമ്മദ് അൽ-ഖാസിം. 17-ആം വയസ്സിൽ സിന്ധ് രാജ്യം കീഴടക്കി അദ്ദേഹം ചരിത്രം കുറിച്ചു. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളും ധീരതയും ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തിന് വലിയ സംഭാവനകൾ നൽകി.

സഅദ് ബിൻ അബീ വഖാസ് (17 വയസ്സ്):

അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആദ്യമായി അമ്പ് എയ്ത വ്യക്തിയെന്ന നിലയിൽ സഅദ് ബിൻ അബീ വഖാസ് ഇസ്ലാമിക ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു. പ്രവാചകന്റെ ഷൂറാ കൗൺസിലിലെ ആറ് പ്രമുഖ സഹാബാക്കളിൽ ഒരാളായിരുന്ന അദ്ദേഹം. പ്രവാചകൻ അദ്ദേഹത്തെക്കുറിച്ച് "ഇത് എന്റെ അമ്മാവനാണ്, അതിനാൽ ഓരോരുത്തരും അവരുടെ അമ്മാവനെ കാണിക്കട്ടെ" എന്ന് പറഞ്ഞത് അദ്ദേഹത്തോടുള്ള പ്രവാചകന്റെ സ്നേഹവും അംഗീകാരവും വെളിപ്പെടുത്തുന്നു.

അൽ-അർഖം ബിൻ അബീ അൽ-അർഖം (16 വയസ്സ്):

ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ, പ്രവാചകനും അനുചരന്മാരും രഹസ്യമായി ദീൻ പ്രചരിപ്പിച്ചിരുന്ന കാലഘട്ടത്തിൽ, അൽ-അർഖം ബിൻ അബീ അൽ-അർഖം തന്റെ വീട് ഇസ്ലാമിന്റെ ആസ്ഥാനമാക്കി. തുടർച്ചയായി 13 വർഷത്തോളം ഇസ്ലാമിക പ്രബോധനത്തിനുള്ള സുരക്ഷിത താവളമായി ഈ വീട് വർത്തിച്ചു. വെറും 16 വയസ്സിൽ അദ്ദേഹം കാണിച്ച ഈ ധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും എടുത്തുപറയേണ്ട ഒന്നാണ്.

തൽഹ ബിൻ ഉബൈദുള്ള (16 വയസ്സ്):

"അറബികളിൽ ഏറ്റവും ആദരണീയൻ" എന്ന് വിശേഷിപ്പിക്കപ്പെട്ട തൽഹ ബിൻ ഉബൈദുള്ള, ഉഹുദ് യുദ്ധത്തിൽ പ്രവാചകനെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ചു. അവിശ്വാസികളുടെ അമ്പുകളിൽ നിന്ന് പ്രവാചകനെ തന്റെ ശരീരം കൊണ്ട് മറച്ച്, മരണം വരെ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു. 16-ആം വയസ്സിൽ തൽഹ കാണിച്ച ഈ അർപ്പണബോധം അവിശ്വസനീയമാണ്.

അൽ-സുബൈർ ബിൻ അൽ-അവ്വാം (15 വയസ്സ്):

ഇസ്‌ലാമിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആദ്യമായി വാളെടുത്തവരിൽ ഒരാളാണ് അൽ-സുബൈർ ബിൻ അൽ-അവ്വാം. വെറും 15 വയസ്സിൽ അദ്ദേഹം പ്രകടിപ്പിച്ച ഈ ധീരതയും ഇസ്ലാമിനോടുള്ള പ്രതിബദ്ധതയും എടുത്ത് കാണിക്കേണ്ട ഒന്നാണ്.

മുആദ് ബിൻ അംർ ബിൻ അൽ-ജമൂഹ് (13 വയസ്സ്), മുഅവ്വിദ് ബിൻ അഫ്രാഅ (14 വയസ്സ്):

ബദർ യുദ്ധത്തിൽ ബഹുദൈവാരാധകരുടെ നേതാവായിരുന്ന അബൂജഹലിനെ വധിച്ചത് ഈ രണ്ട് കൗമാരക്കാരായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്. ധൈര്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ രണ്ട് യുവ പോരാളികൾ.

സൈദ് ബിൻ സാബിത്ത് (13 വയസ്സ്):

പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരനായിരുന്നു സൈദ് ബിൻ സാബിത്ത്. വെറും 17 ദിവസം കൊണ്ട് സുറിയാനി ഭാഷയും ഹിബ്രു ഭാഷയും പഠിച്ച് പ്രവാചകന്റെ വിവർത്തകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഖുർആൻ മനഃപാഠമാക്കുകയും, ഖുർആൻ സമാഹരണത്തിൽ മഹത്തായ സംഭാവനകൾ നൽകുകയും ചെയ്തത് അദ്ദേഹത്തിന്റെ അറിവിനും കഴിവിനും തെളിവാണ്. 13 വയസ്സിൽ അദ്ദേഹം നേടിയ ഈ നേട്ടങ്ങൾ അസാധാരണം തന്നെ.

ഈ യുവ നേതാക്കളുടെ ജീവിതം നമുക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. പ്രായമല്ല, മറിച്ച് ദൃഢനിശ്ചയം, അറിവ്, ധൈര്യം, അർപ്പണബോധം എന്നിവയാണ് യഥാർത്ഥ നേതൃത്വഗുണങ്ങൾ എന്ന് ഇവർ തെളിയിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഈ യുവ നായകന്മാർ നമുക്ക് എന്നും പ്രചോദനമാണ്

2023 സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

ഉമ്മയോർമ്മകൾ

ഉമ്മാ...  
നിങ്ങൾ പോയതിൽ പിന്നെ 
ഈ ലോകം ചുരുങ്ങി പോയിരിക്കുന്നു.. 
പ്രഭാതത്തിനു ഭംഗിയുണ്ടായിരുന്നില്ല..
പ്രദോഷങ്ങളെ ഞാൻ കാത്തിരിക്കാറുമില്ല.. 
വേനലും വെയിലും മഴയും കാറ്റും എന്നെ അലോസരപ്പെടുത്തിയിട്ടില്ല.. സന്തോഷത്തിലാക്കിയതുമില്ല ….
അടുക്കള പിന്നീട് ശബ്ദമുണ്ടാക്കിയിട്ടില്ല..
പ്രഭാതങ്ങളിൽ ഒരു കിളി പോലും വിരുന്ന് വന്നില്ല... 
കുറിഞ്ഞി പൂച്ച മാത്രം അടുക്കള വാതിലും തുറക്കുന്നത് കാത്തിരിക്കാറുണ്ട്… 
വൈകുന്നേരങ്ങളിൽ നിങ്ങൾ നടന്ന് നീങ്ങിയ വീടുകൾ ഒന്നും പിന്നീട്  തുറന്ന് കണ്ടില്ല .. 
നിങ്ങൾ സ്ഥിരമായി വിളിച്ചിരുന്ന ഒരാളും പിന്നീട് വിളിച്ചിട്ടില്ല.... 
മുറ്റത്തെ ചെടികളൊക്കെ വാടി തുടങ്ങിയിട്ടുണ്ട്...
പലതും കാലപ്പഴക്കം കാണിക്കുന്നുമുണ്ട്.. 
അല്ലെങ്കിലും എല്ലാം എല്ലാ കാലത്തേക്കുമില്ലല്ലോ... 
ഭക്ഷണത്തിന്റെ രുചി കുറവുകളെ ഞാനിപ്പോ ശ്രദ്ദിക്കാറില്ല.. 
പട്ടിണി കിടന്നാലും ഉള്ള് നോവാൻ ആരുമില്ലെന്ന് തിരിച്ചറിയണമല്ലോ... 
ഉമ്മാ..  
വണ്ടിയെടുത്തു റോഡിൽ ഇറങ്ങുമ്പോൾ റിയർവ്യൂ മിററിൽ ഞാനിപ്പോ നോക്കാറില്ല..  നോക്കിയാലും നീണ്ടു കിടക്കുന്ന റോഡല്ലാതെ ഒരു നിഴൽ പോലും എന്നെ നോക്കി നിൽക്കില്ലല്ലോ... 
രാവേറെ വൈകിയുള്ള യാത്രകൾ ഇപ്പൊ കുറച്ചിരിക്കുന്നു... 
തിരിച്ചെത്തും വരെ ഫോൺ വിളിച്ചിരിക്കാൻ നിങ്ങളില്ലല്ലോ...
കുടുംബങ്ങൾ എല്ലാരും അകന്ന് തുടങ്ങിയിരുന്നു..
സ്നേഹ നിധിയായ ഉപ്പയും കൂടു മാറിയിരിക്കുന്നു... 
ഈ വീട്ടിൽ തനിച്ചിരിക്കാൻ എനിക്കിഷ്ടമില്ലായിരുന്നല്ലോ.. 
നിങ്ങളെ പിരിഞ്ഞിരിക്കാനും… 
ഏകാന്തത ഇന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.. 
ഉമ്മാ.. 
ഞാനിന്നു നന്നായി തുണി അലക്കാൻ പഠിച്ചിട്ടുണ്ട്...  25 വര്ഷക്കാലത്തിനിടക്ക് ഒരു വട്ടം പോലും ചെയ്യാത്തത് കൊണ്ടാവും കയ്യൊക്കെ തോൽ പറിഞ്ഞു പോവുന്നത്.. 
ഞാനിപ്പോ ഞെട്ടി വിറക്കാറില്ല..  പുതപ്പെടുത്തു ചുറ്റിപ്പുതയാൻ നിങ്ങൾ വരില്ലല്ലോ..  
എനിക്കിപ്പോ അസുഖങ്ങൾ വരാറില്ല...  
ശബ്ദം ശരിയാവുകയും ചെയ്തിട്ടുണ്ട്...  
ഓപ്പറേഷൻ ഹാളിൽ നിങ്ങളുണ്ടായിരുന്നല്ലോ.. 
ആരുടേയും സഹതാപം വേണ്ടെന്ന്  പലവട്ടം പറഞ്ഞിരുന്നില്ലേ നമ്മൾ.. 
സഹതാപം മാത്രമല്ല.. പുച്ഛം കൂടി ബാക്കിയായിരുന്നു.. 
നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാനിന്നു പഠിക്കുന്നുണ്ട്.. 
പരീക്ഷകൾ വരുമ്പോൾ കൂടെയിരുന്ന് വായിക്കാനില്ലാത്ത ശൂന്യത ചെറുതൊന്നുമല്ല.. 
അംഗീകാരങ്ങളിൽ അഹങ്കാരം കാണിക്കാൻ ആരുമില്ലെന്നല്ല.. 
ഒന്നിനും ഇപ്പോൾ ഭംഗിയില്ല ...
‘’വന്നു നോക്കീം… ഉമ്മാന്റെ മോൻ കൊണ്ട് വന്നതെന്ന് “
പറയാൻ മീസാൻ കല്ല് മാത്രമാണല്ലോ ...
ഉമ്മാ...  നിങ്ങൾ അഭിമാനം പറഞ്ഞിരുന്നില്ലേ.. 
നിങ്ങളുടെ മോൻ അഭിമാനിയാവുമെന്ന്.. 
ഉണ്ടാവും എന്ന് കരുതിയ പലരും തനിച്ചാക്കിയപ്പോഴും ഈ മോൻ തളരാതെ പിടിച്ചു നിന്നിട്ടുണ്ട്.. 
നിങ്ങളെ പോലെ എന്നെ പരിചരിക്കുന്ന ചിലരുണ്ട്..  
മനസ്സ് കൊണ്ട് കൂടെ നിൽക്കുന്നവരുമുണ്ട്..
കടപ്പാടുകളില്ലാതെ നെഞ്ചോട് ചേർത്തവർ… 
പ്രാർത്ഥന മാത്രം പകരം ചോദിക്കുന്നവർ…
വേറെയും വിശേഷങ്ങൾ ഉണ്ട്… 
വാക്കുകൾ തികയുന്നില്ല… 
നിങ്ങൾ പറഞ്ഞിരുന്നില്ലേ.. എന്റെ വില അറിയാൻ ഞാൻ ഒരു ദിവസം ഇല്ലാതാവണം എന്ന്.. 
ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു ലെ..
ഉമ്മാ…
നിങ്ങളെന്റെ സലാം കേൾക്കാറില്ലേ..
നാട്ടിലുള്ള ദിവസം ഖബറിന്റെ ചാരെ നിങ്ങളെന്റെ അനക്കം അറിയാറില്ലേ.. മീസാൻ കല്ലുകൾ നിങ്ങളോട് എന്റെ കഥകൾ പറയാറില്ലേ..  
പടച്ചോന്റെ പൂങ്കാവനത്തിൽ നാളെ നമുക്കൊരുമിച്ചു താമസിക്കണ്ടേ... 


എന്തിനാണ് ടെൻഷൻ?

 രാജാവ് ഒരു മരപ്പണിക്കാരന് വധശിക്ഷ വിധിച്ചു.

 ആ വാർത്ത അവനറിഞ്ഞു, ആ രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

 ഭാര്യ അയാളോട് പറഞ്ഞു:

 പ്രിയനേ ഇന്നും നിങ്ങൾ മറ്റ് രാത്രികൾ പോലെ ഉറങ്ങുക,

 അല്ലാഹു ഏകനാണ്, വാതിലുകൾ ധാരാളമുണ്ട്!

 ആശ്വാസത്തിന്റെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ പതിച്ചു.  കണ്ണുകൾ ഉറങ്ങി, അയാൾ മയങ്ങി...

പിറ്റേദിവസം പട്ടാളക്കാർ  വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.

 വിളറിയ മുഖത്തോടെ

 അവളെ വിശ്വസിച്ചതിൽ  നിരാശയോടെയും ഖേദത്തോടെയും ഹൃദയവേദനയോടെയും അയാൾ നോക്കി..

 വിറയ്ക്കുന്ന കൈകളോടെ അയാൾ വാതിൽ തുറന്നു..

 തന്നെ കൈയോടെ പിടികൂടാൻ വന്ന കാവൽക്കാരുടെ അടുത്തെത്തി..

 അവർ പറഞ്ഞു:

 രാജാവ് മരിച്ചിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന് ശവപ്പെട്ടി ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു..

 

 അയാളുടെ മുഖം പ്രകാശിച്ചു, ക്ഷമാപണത്തോടെ ഭാര്യയെ നോക്കി.

 അയാൾ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞത് ഓർത്തു:

 എല്ലാ രാത്രിയും ഉറങ്ങുന്നതു പോലെ ഉറങ്ങുക.. കാരണം അല്ലാഹു ഏകനാണ്, വാതിലുകൾ ധാരാളം..!!

 ദാസന്മാർ ചിന്തിച്ച് മടുക്കുന്നു...

അല്ലാഹു കാര്യങ്ങൾ തീരുമാനിക്കുന്നു...


കൂട്ട കൊലപാതകങ്ങളുടെ കഥ

ഫലസ്തീൻ

 

 13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ് . ഇക്കാര്യം ആദ്യമേ പറയുന്നത്  ഫലസ്തീനിൽ വീഴുന്നത് മുസ്ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ , അത് ശമിപ്പിക്കാനാണ് .  

ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല . പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം .  അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല . ഏതാണ്ട് 18 % മുസ്ലിംകളും  2% ക്രിസ്താനികളും  കുറച്ച് ദ്രൂസികളും  മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത് . ജൂതരിൽ തന്നെ ഇസ്രായേലിന്റെ പലസ്തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട് . അവർക്ക് സംഘടനകളുമുണ്ട് . എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക . 


സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം . 


വിഷയം നീതിയാണ് .  ഫലസ്തീൻ ആരുടെ മണ്ണാണ് !


മണ്ണ് ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ് . അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക്  പ്രസക്തിയില്ല . നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ് . അല്ലാതെ , ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം . 


 ഭൂമി ശാസ്ത്രം :


മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്തീൻ .  ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ ആണ്  ഫലസ്തീൻ എന്ന പേര്   കാണാം  . ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന  ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു .  ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന  യഅക്കൂബ്‌ നബി (മുസ്ലിം വിശ്വാസം ) അഥവ ജേക്കബ് (ബൈബിൾ ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത് . അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട് . ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം . 


കൃസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു .  ജറുസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട് .  ക്രിസ്തുവിന് ശേഷം  Deicide അഥവ  ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട് .  AD 250 മുതല്‍ 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട് .


അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ് : 


എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.


1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.


കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.


1099ല്‍ യൂറോപ്പ്യർ  ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.



1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.


1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. 


മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.


1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.


കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് . സഭയ്ക്ക് പറ്റിയ തെറ്റായി സഭ തന്നെ ഏറ്റു പറഞ്ഞ ചരിത്രമാണിത്‌ . 1933 മുതൽ ജർമ്മനിയിൽ നടന്ന ജൂത ഹത്യയൊക്കെ യൂറോപ്പിന്റെ ജൂത വിരോധത്തിന്റെ  തുടർച്ച മാത്രമായിരുന്നു . അതിൽ ഹിറ്റ്ലറെയും ജർമ്മൻകാരെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ല . യൂറോപ്പ്യർ മുഴുവനും ജൂതരോട് ചെയ്തത് വെറും ദ്രോഹം മാത്രമാണ് എന്ന് ചരിത്രം . കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ചരിത്രമാണിത് . അധികമൊന്നും പുറകിലേക്ക് പോവേണ്ടതില്ല എന്ന് ചുരുക്കം .


മുസ്ലിംകളും ജൂതരും :


സത്യത്തിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മുസ്ലിംകളെ ജൂത വിരോധികളായി പരിഹസിക്കുന്നത് കാണുമ്പോൾ  ചരിത്രം അറിയുന്നവർക്ക് ചിരിയാണ് വരിക . ഫലസ്തിനിലേക്ക് തന്നെ വരാം . 


പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണം വികസിച്ചപ്പോൾ  AD 638 ൽ ഉമർ ബ്നുൽ ഖത്താബ് (റ ) ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകന്റെ ഉറ്റ അനുയായിയുമായിരുന്നു ) ജറൂസലേം ബൈസാന്റിയൻ സാമ്രാജ്യത്തിൽ നിന്ന് മോചിപ്പിച്ചു . അബൂ ഉബൈദ (റ) ന്റെ നേതൃത്വത്തിൽ  നടന്ന മുസ്ലിം സൈന്യത്തിന്റെ മുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയൻ സാമ്രാജ്യത്തിനു അടിയറവ് പറയേണ്ടി വന്നു . ഖലീഫയുടെ മുൻപിൽ അടിയറവ് വെയ്ക്കാൻ തങ്ങൾ  തയ്യാറാണ് എന്ന്  അവർ നിബന്ധന വെച്ചതിനാൽ  മദീനയിൽ നിന്ന് ഖലീഫ തന്നെ നേരിട്ട് ജറുസലേമിൽ എത്തി . ഒരു തുള്ളി രക്തം പോലും ജറുസലേമിൽ വീഴ്ത്താതെ സമാധാനപരമായി , ആ മണ്ണിന്റെ പവിത്രത മാനിച്ചു കൊണ്ട് ഖലീഫ ഉമർ (റ ) പുണ്യ നഗരിയുടെ താക്കോൽ ഏറ്റു വാങ്ങി . ഖലീഫ ഒപ്പ് വെച്ച സമാധാനക്കരാറിൽ  അവിടെയുള്ള ക്രിസ്ത്യൻ ആരാധാലയങ്ങൾ പരിപാലിക്കുമെന്നും  ആരെയും നിർബന്ധിതമായി മതം മാറ്റില്ലെന്നും തന്റെ അനുയായികൾ ഈ ഉറപ്പ് പാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു . 


നൂറ്റാണ്ടുകളായി ബൈസാന്റിയൻ സാമ്രാജ്യത്താൽ പീഡിപ്പിക്കപ്പെട്ട ജൂതർക്ക് വിശുദ്ധ മണ്ണിൽ അവകാശമോ ആരാധനാ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല . ആരാധനാ സമയമായാൽ  അവർ കുന്നുകളിൽ കയറി നിന്ന് വിശുദ്ധ ഗേഹത്തെ നോക്കി പ്രാർത്ഥിച്ചുപോന്നു . ഖലീഫ ഉമർ (റ ) ജൂതർക്ക് അവിടെ താമസം അനുവദിക്കുകയും    അവർക്ക് ആരാധനാ സ്വാതന്ത്ര്യം വീണ്ടു കിട്ടുകയും ചെയ്തു .


ഒന്നും രണ്ടും വർഷമാണെന്ന് കരുതേണ്ട . AD 638 മുതൽ  1099 വരെ അതായത് 458 വർഷങ്ങൾ ജൂതരും മുസ്ലിംകളും ക്രിസ്ത്യാനികളും  ഈ മണ്ണിൽ മാറി മാറി വന്ന മുസ്ലിം ഭരണത്തിൽ സഹോദരന്മാരായി ജീവിച്ചു . ഉമർ (റ ) വാക്ക് തലമുറകൾ പാലിച്ചു !!  1099 ൽ യൂറോപ്പ്യർ ജറുസലേം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു .അതിനിടയിൽ അമവികളുടെ ഭരണവും അബ്ബാസിയാ ഭരണവും ഫാഥിമികളുടെ ഭരണവുമൊക്കെ വന്നിരുന്നു . ഫാഥിമികളുടെ ഭരണത്തിൽ ജൂതരിൽ നിന്ന് ഗവർണറെ വരെ നിയമിച്ചു എന്നോർക്കണം .  അതിന് മുൻപ് ആയിരം വർഷം ഒരു മനുഷ്യാവകാശവും നല്കപ്പെടാത്തവർ ആയിരുന്നു എന്ന് കൂടി ഓർക്കണം .


1099 ൽ ജറുസലേം മുസ്ലിംകളിൽ നിന്ന് നഷ്ടപ്പെട്ടു . ജൂതരുടെ കഷ്ട കാലവും ആരംഭിച്ചു . കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയത് .  1187 സുൽത്താൻ സ്വലാഹുദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ   മുസ്ലിംകൾ ജെറുസലേം തിരിച്ചു പിടിച്ചു .  ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു . സർവ്വ സുരക്ഷയോടെ തന്നെ ! 


മുസ്ലിംകൾ സ്പെയിൻ കീഴടക്കിയപ്പോഴും സമാനമായ മാതൃക കാണിച്ചു . സംശയമുള്ളവർക്ക്    Golden age of Jews in Europe എന്ന് ഗൂഗിൾ ചെയ്തു നോക്കാം . ജൂതരുടെ സുവർണ്ണ കാലം  മുസ്ലിംകളുടെ സ്പെയിനിൽ ആയിരുന്നു എന്ന് കാണാം . 1492 ൽ സ്പെയിനിൽ മുസ്ലിം ഭരണം അവസാനിക്കുന്നത് വരെ അവർ സ്പെയിനിൽ സുരക്ഷിതർ ആയിരുന്നു . അതിനു ശേഷം അവരെ ആട്ടിയോടിക്കപ്പെട്ടു . വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.  


ഈ കാലയളവിൽ ഒക്കെ ജൂതരെ യൂറോപ്പിൽ കൂട്ടക്കൊല ചെയ്യുകയാണേ . ഒരു കാര്യം പറയട്ടെ , മുസ്ലിംകൾക്ക് ജൂതരോട് അന്ധമായ വിരോധം ഉണ്ടെങ്കിൽ പ്രവാചകന്റെ അനുയായി  ഖലീഫാ ഉമർ (റ ) , തുടർന്ന് വന്ന അമവികൾ , അബ്ബാസിയാക്കൾ , ഫാഥിമികൾ , ഉസ്മാനിയികൾ , സുൽത്താൻ സ്വലാഹുദീൻ അയ്യൂബി .. എന്നിവർക്കുള്ള ഇസ്‌ലാമിക സ്പിരിറ്റൊന്നും ഇന്നത്തെ മുസ്ലിംകൾക്ക് കാണില്ല . അവർക്കില്ലാത്ത എന്ത് അന്ധമായ വിരോധമാണ് നിങ്ങൾ ഞങ്ങളിൽ ആരോപിക്കുന്നത് ..


2023 ഏപ്രിൽ 9, ഞായറാഴ്‌ച

ഇസ്‌ലാം ഒരു തുറന്ന വായന

 മുസ്ലിം എന്ത് കൊണ്ട് ടാർഗറ്റ് ചെയ്യപ്പെടുന്നു? 


ഇസ്ലാമിക്‌ ഐഡിയോളജി 


AD 571 ൽ മക്കയിൽ ആമിന - അബ്ദുല്ലാഹ് ദമ്പതികൾക്ക് ജനിച്ച മുഹമ്മദ്‌ മുസ്തഫ സ യിലൂടെ പടർന്നു പന്തലിച്ച വിശ്വാസ ധാരയാണ് ഇസ്‌ലാം. ഏകനായ ദൈവത്തെ മാത്രം വിശ്വസിക്കണമെന്നും അവനെ മാത്രം ആരാധികണമെന്നും പഠിപ്പിക്കുകയായിരുന്നു മതത്തിന്റെ ലക്ഷ്യം.  അന്ന് ലോകത്തുണ്ടായിരുന്ന മതങ്ങളോട് പരോക്ഷമായി സാമ്യവും അവയുടെ തത്വങ്ങളോട് യോജിപ്പും വിശ്വാസ ധാരയിൽ പ്രകടമായിരുന്നു. സെമിറ്റിക് മതങ്ങളായിരുന്ന ക്രിസ്ത്യൻ, ജൂത വിശ്വാസങ്ങളെയും അവരുടെ പ്രവാചകരെയും അംഗീകരിക്കുകയും ചെയ്തതോടൊപ്പം അവയുടെ ഗ്രന്ഥങ്ങളിൽ മാറ്റത്തിരുതലുകൾ കൊണ്ട് വന്നത് പിൻഗാമികൾ ആണെന്നും ഇസ്‌ലാം വിശദീകരിച്ചു. 
നിരക്ഷരനും  അനാഥനുമായിരുന്ന മുഹമ്മദ്‌ നബിയുടെ ജീവിതവും വചനങ്ങളും പിൽകാലത് രേഖപ്പെടുത്തിയവയിൽ ഏറ്റവും മനോഹരമായിരുന്നു. പ്രവാചകത്വ ലബ്ധിക്ക് മുൻപ് ഒരാൾക്ക് പോലും വിമർശിക്കാൻ കഴിയാത്ത വ്യക്തിത്വം ആയിരുന്നു മുഹമ്മദ്‌ നബി സ. 


ഇസ്‌ലാം എന്ത്?  
കേവലം ഒരു മതചിന്ത എന്നതിലപ്പുറം പൂർണമായ ഒരു ജീവിത രീതി ആണ് ഇസ്‌ലാം. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയും അവൻ പാലിക്കേണ്ട തത്വങ്ങളെ പൂർണമായും ഉൾക്കൊള്ളാൻ ഇസ്ലാമിന് സാധിച്ചു. സാമൂഹിക സാമ്പത്തിക വൈജ്ഞാനിക രാഷ്ട്രീയ മേഖലകളിൽ ഒരു വ്യക്തിയുടെ ശരി തെറ്റുകളെ കൃത്യമായി നിർണ്ണയിക്കുന്നതിനും അവയെ യുക്തി പൂർവ്വം വിശദീകരിക്കുന്നതിനും ഇസ്‌ലാം മതത്തിനു സാധിച്ചിട്ടുണ്ട്. വർണ വർഗ ഗോത്ര ഭേദമില്ലാതെ മനുഷ്യരെല്ലാം തുല്യരാണെന്ന് ലോകത്ത് ആദ്യമായി വിളിച്ചു പറഞ്ഞത് ഇസ്‌ലാം ആയിരുന്നു. ചൂഷണങ്ങളും ചൂതാട്ടങ്ങളും മദ്യവും മദിരാശിയും തടഞ്ഞു കൊണ്ടുള്ള പ്രഖ്യാപനങ്ങളും ലോകത്ത് ആദ്യമായി നടപ്പിൽ വരുത്തിയതും ഇസ്‌ലാം ആണ്. കൃത്യവും വ്യക്തവുമായ ആരാധന കർമങ്ങളും ലോകത്ത് എല്ലായിടത്തും ഒരു പോലെ ലഭ്യമായ പരിശുദ്ധ ഖുർആനും ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ സൂചിപ്പിക്കുന്നു. ദിനമഞ്ചു നേരത്തെ നിസ്കാരവും ആഴ്ചയിലെ ജുമുഅയും വർഷങ്ങളിൽ ഹജ്ജും തുടങ്ങി വ്യവസ്ഥാപിതവും ചിട്ടയർന്നതുമായ ഈ ജീവിത ശൈലി മറ്റൊരു ഇസത്തിലോ മതത്തിലോ ദർശികനാവിലെന്നത് തന്നെയാണ് ഇസ്‌ലാമിനെ ഇതര മതങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത്.
തുടരും. 


ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ

  ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ മദീനയിലേക്കുള്ള ഓരോ യാത്രയും ഓരോ വിശ്വാസിക്കും ആത്മാവിന്റെ യാത്രയാണ്....